ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് ഓട്ടോണമസ് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 19-ാമത് ‘എഫര്വെസന്സ് ദി ഡിസൈന്‍ കളക്ഷന്‍-2026’ 30ന് വൈകുന്നേരം നാലിന് കോളജിലെ വില്യം ഹാളില്‍ നടക്കും. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ തങ്ങളുടെപഠനഭാഗമായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി അഞ്ചു വസ്ത്രങ്ങള്‍ വീതം സ്വയംരൂപകല്പന ചെയ്ത് അതിനുതകുന്ന ആഭരണങ്ങളും മറ്റും അണിഞ്ഞുള്ള നടത്തുന്ന പ്രദര്‍ശനമാണ് എഫര്വെസന്സ്.
റിട്രോ റീമിക്സ്, ലൂം ആന്‍ഡ് ലെയിന്‍, അപ്പ്സൈക്ലിംഗ്, ഗോള്‍ഡന്‍ അവര്‍, അര്‍ബന്‍ ഫാഷന്‍, റൂട്ട് റീബോണ്‍, ഇമ്പ്രസ് ഓഫ് സില്‍ക്ക് റൂട്ട് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ദൃശ്യവിസ്മയങ്ങളായ വസ്ത്രാവിഷ്കാരങ്ങള് ഈ പ്രദര്‍ശനത്തില്‍ അരങ്ങേറും.
വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് പ്രഫഷണല്‍ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കുമ്പോള്‍ ഫാഷന്‍ മേഖലയുടെ പുതിയ സാധ്യതകള്‍ക്ക് അസംപ്ഷന്‍ വിദ്യാര്‍ഥിനികള്‍ ഒരുങ്ങുന്നു. കേരളത്തിലെ ഫാഷന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 2002ല്‍ തുടക്കംകുറിച്ച അസംപ്ഷന്‍ കോളജ് കഴിഞ്ഞ 23 വര്‍ഷമായി ഈ രംഗത്ത് തുടരുന്നു.
ഫാഷനില്‍ ബിരുദ, ബിരുദാനന്തര പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യൂകളിലൂടെ നല്ല തൊഴിലവസരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം വരുമാനം ആര്‍ജിക്കാവുന്ന പലതരത്തിലുള്ള ഉദ്യമങ്ങൾ വിദ്യാര്‍ഥിനികളെ ഭാവിയില്‍ നല്ല സംരംഭകരാക്കി തീര്‍ക്കുന്നു.
പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന എഫര് വെസന്സ്-2026, പ്രമുഖ കോസ്റ്റ്യും ഡിസൈനറും 67-ാമത് ദേശീയ ഫിലിം അവാര്‍ഡ് ജേതാവുമായ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം) സുജിത്ത് സുധാകരന് ഉദ്ഘാടനം ചെയ്യും.
കോളജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ജിസി മാത്യു, മഞ്ജുലിന് ജേക്കബ്, വകുപ്പുമേധാവി അനു അന്ന കോശി, അധ്യാപിക രാജി വിജയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.